തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി ഈ സർക്കാർ എടുത്തുകളഞ്ഞു എന്ന വാദം തെറ്റാണെന്ന് എക്‌സൈസ്മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ടൂറിസംമേഖലയുടെ താൽപ്പര്യം കണക്കിലെടുത്ത് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ദൂരപരിധിയിൽമാത്രമാണ് ഇളവ് നൽകിയത്.
മറ്റു ബാർ ഹോട്ടലുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. നിയമസഭയിൽ ധനാഭ്യർഥനചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ദൂരപരിധി നേരത്തെ വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയിൽനിന്ന് 50 മീറ്ററായിരുന്നു. ഇത് പിന്നീട് 200 മീറ്ററായി ഉയർത്തി. ടൂറിസം മേഖലയുടെ ആവശ്യം കണക്കിലെടുത്ത് പഴയ ദൂരപരിധി പുനഃസ്ഥാപിക്കുകയായിരുന്നു. കള്ളുഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററും ബിവറേജസ് ഔട്‌ലെറ്റുകളുടെയും ഇതര ബാറുകളുടെയും പരിധി 200 മീറ്ററുമാണ്. ഇതിൽ മാറ്റംവരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.

ഈ സർക്കാർ മദ്യശാലകളുടെ എണ്ണം വർധിപ്പിക്കുന്നുവെന്ന വാദത്തിലും കഴമ്പില്ല. സംസ്ഥാനത്ത് നോട്ടിഫൈ ചെയ്ത കള്ളുഷാപ്പുകളുടെ എണ്ണം 5085 ആണ്. ഇവയിൽ 4235 എണ്ണം യുഡിഎഫിന്റെ കാലത്ത് പ്രവർത്തിച്ചിരുന്നു.

ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളുടെ എണ്ണം 3701 മാത്രമാണ്. എന്തോ പുതിയ നയം ഉണ്ടാക്കുന്നു എന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അടച്ചുപൂട്ടിയ ബാറുകൾ തുറക്കേണ്ടിവരുന്നത്.

സംസ്ഥാനത്ത് അബ്കാരി കേസുകൾ വർധിച്ചുവെന്നാണ് ആരോപണം. ഇത് മദ്യവിൽപ്പന വർധിച്ചതുകൊണ്ടല്ല. വിദേശമദ്യ വിൽപ്പന കുറഞ്ഞിരിക്കുകയാണ്. 201314ൽ 240.16 ലക്ഷം കെയ്‌സ് വിദേശമദ്യമാണ് കേരളത്തിൽ വിറ്റത്. ഈവർഷം ഇത് 205.45 ലക്ഷം കെയ്‌സ് മാത്രമാണ്. കേസുകൾ കൂടിയത് പരിശോധന കർശനമാക്കിയതുകൊണ്ടാണ്. യുഡിഎഫിന്റെ അഞ്ചുവർഷത്തിനിടെ 68,083 അബ്കാരി കേസാണ് രജിസ്റ്റർ ചെയ്തത്. രണ്ടുവർഷംകൊണ്ട് ഈ സർക്കാർ 47,750 കേസ് രജിസ്റ്റർ ചെയ്തു.