തിരുവനന്തപുരം : പാതയോരത്തെ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി അനുസരിച്ച് ഗ്രാമപഞ്ചായത്തുകളുടെ നഗരസ്വഭാവം നിശ്ചയിച്ച് എക്‌സൈസ് വകുപ്പ് പുതിയ ഉത്തരവിറക്കി. സംസ്ഥാനദേശീയ പാതയോരത്ത് മദ്യശാലകൾ പാടില്ലെന്നുകാണിച്ച് നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടർന്ന് പൂട്ടിയ ബാറുകൾക്കും ബിയർവൈൻ പാർലറുകൾക്കുമാണ് പുതിയ മാർഗനിർദേശം ബാധകമാകുക. പുതുതായി സംസ്ഥാനത്ത് ഒറ്റ ബാറും തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

ദേശീയസംസ്ഥാന പാതയോരത്ത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച മദ്യശാലകൾ സുപ്രിംകോടതി വിധിയെ തുടർന്ന് പൂട്ടിയിരുന്നു. ഇതിനെതിരെ ബാറുടമകൾ നൽകിയ ഹർജിയെ തുടർന്ന് നഗരങ്ങളിലെ ബാറുകൾ തുറക്കാൻ സുപ്രീംകോതി നേരത്തെ അനുമതി നൽകി. കേരളത്തിലെ പഞ്ചായത്തുകളും നഗരസ്വഭാവമുള്ളവയാണെന്ന് ചൂണ്ടിക്കാട്ടി ബാറുടമകൾ വീണ്ടും സുപ്രീംകോടതിയിൽ ഹർജി നൽകി. ഇതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കവെ ഗ്രാമനഗര പുനർനിർണയം നടത്തി പുതിയ മാർഗനിർദേശം പുറപ്പെടുവിക്കാൻ  സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ചാണ് എക്‌സൈസ് വകുപ്പിന്റെ പുതിയ ഉത്തരവ്. പുതിയ ഉത്തരവ് അനുസരിച്ച് 10,000 ജനസംഖ്യയുള്ള പഞ്ചായത്തുകൾ നഗരസ്വഭാവമുള്ളവയായി കണക്കാക്കും. ഇതിനുപുറമെ ടൂറിസം മേഖലയിലെ നഗരസ്വഭാവമുള്ള പഞ്ചായത്തുകളെയും നിർണയിച്ചിട്ടുണ്ട്.  യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ചതിൽ കൂടുതൽ പുതിയ ഒരു ബാറും തുറക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.  സുപ്രീംകോടതി വിധി നടപ്പാക്കുകമാത്രമാണ് ഇപ്പോൾ ചെയ്തതെന്നും മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.