തിരുവനന്തപുരം : ബീഡിയുടെ ജിഎസ്ടിയിൽനിന്നുള്ള സംസ്ഥാനവിഹിതം ആ മേഖലയ്ക്കുതന്നെ തിരിച്ചുനൽകുമെന്ന് തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ. ഇക്കാര്യം നേരത്തെ ധനമന്ത്രി ഉറപ്പ് തന്നിട്ടുണ്ട്. കേരള ബീഡി‐ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി ഇൻകം സപ്പോർട്ട് സ്കീമിന്റെ ആനുകൂല്യം ബീഡി വ്യവസായമേഖലയിലെ തൊഴിലാളികൾക്ക് വീണ്ടും ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ജിഎസ്ടി ഒടുക്കാതെ സംസ്ഥാനത്ത് ബീഡി എത്തുന്നത് തടയുമെന്നും എം രാജഗോപാലന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

നേരത്തെ 14.4ശതമാനം നികുതിയായിരുന്നു ബീഡിക്ക്. ജിഎസ്ടി വന്നതോടെ 28 ശതമാനമായി. ബീഡിവിലയും വർധിച്ചു. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽനിന്ന് ബീഡി വ്യാപകമായി നികുതിവെട്ടിച്ച് കടത്തുകയാണ്. സംസ്ഥാനത്തെ ദിനേശ് ബീഡി കമ്പനിയടക്കമുള്ള നിർമാതാക്കൾക്ക് ഇത് തിരിച്ചടിയായി. ജിഎസ്ടി വകുപ്പിന്റെയും ചെക്ക്പോസ്റ്റുകളുടെയും പരിശോധന പഴുതടച്ച് നടത്തി അനധികൃത കടത്ത് തടയും. ബീഡി ഉപഭോഗത്തിലുണ്ടായ ഇടിവ്, പുകയില നിരോധിച്ചുള്ള സുപ്രീംകോടതി ഉത്തരവുകൾ, പുകവലിക്കെതിരായ ബോധവൽക്കരണം തുടങ്ങിയവയാലും ബീഡിയുടെ വിപണി ഇടിഞ്ഞു. പലർക്കും തൊഴിലില്ലാതായി. ആഴ്ചയിൽ നാല് ദിവസംമാത്രമാണ് തൊഴിലാളികൾക്ക് ജോലി ലഭിക്കുന്നത്. ഈ തളർച്ച നേരിടാൻ അടിയന്തരനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു