കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച്  12-ന് വൈകുന്നേരം അഞ്ചു മണിക്ക് വിജെടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  കിലെ പ്രസിഡന്റും തൊഴില്‍ വകുപ്പ് മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷനാകുന്ന യോഗത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബ്രോഷര്‍ പ്രകാശനം ടൂറിസം ദേവസ്വം സഹകരണ വകുപ്പു മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍  വി.കെ. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.   വി.എസ്. ശിവകുമാര്‍ എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി  ടോം ജോസ്, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ.കെ. രവിരാമന്‍, എംപ്ലോയ്‌മെന്റ് ഡയറകട്ര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ലേബര്‍ കമ്മീഷണര്‍  എ. അലക്‌സാണ്ടര്‍, എക്‌സി ക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേരും.

അന്നേ ദിവസം രാവിലെ പത്തരയ്ക്ക് ”ആഗോളവല്‍ക്കരണവും തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികളും” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സി.ഐ.റ്റി.യു. അഖിലേന്ത്യാ സെക്രട്ടറി  കെ. ചന്ദ്രന്‍പിള്ള, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.കെ. രവിരാമന്‍, ഐ.എന്‍.റ്റി,യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി  വി.ജെ. ജോസഫ്, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ്  കെ.കെ. വിജയകുമാര്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എസ്. തുളസീധരന്‍ എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്ക്കു 2.30 ന് നടക്കുന്ന പരമ്പരാഗത വ്യവസായവും, മാറുന്ന തൊഴില്‍ മേഖലയും-പ്രശ്‌നങ്ങള്‍ പ്രതീക്ഷകള്‍ എന്ന  സെമിനാറില്‍ എ.ഐ.റ്റി.യു.സി. വര്‍ക്കിംഗ് പ്രസിഡന്റ് ജെ. ഉദയഭാനു, സി.ഐ.റ്റി.യു സെക്രട്ടറി  എന്‍. പത്മലോചനന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. എന്‍. സായ്കുമാര്‍, ഡോ. എ.വി. ജോസ് എന്നിവര്‍ പങ്കെടുക്കും.   സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ  കെ.കെ. അജയകുമാര്‍, സിനിമാ നടനും, പിന്നണി ഗായകനുമായ  അരിസ്റ്റോ സുരേഷ് എന്നീ ചുമട്ടു തൊഴിലാളികളെ ചടങ്ങില്‍  ആദരിക്കും.

1978 മുതല്‍ തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് . കേരളത്തിലെ സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, തൊഴില്‍ ഉടമ പ്രതിനിധികള്‍, തൊഴില്‍ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി പരിശീലനം, തൊഴില്‍ അനുബന്ധ വിഷയങ്ങളില്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ നടത്തുന്നതിനോടൊപ്പം തൊഴില്‍ മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ഗവേഷണവും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു.

40-ാം വാര്‍ഷികത്തിന്റെ ഭാഗമായി 14 ജില്ലകളിലും തൊഴിലാളികള്‍ക്കു വേണ്ടി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും, ശില്പശാലകളും സംഘടിപ്പിക്കും. ഇതോടൊപ്പം ഒരു ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ഷികത്തിന്റെ സമാപനം കോഴിക്കോട് നടത്തുമെന്നും ചെയര്‍മാന്‍ വി.ശിവന്‍കുട്ടി പറഞ്ഞു.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിനെ ഒരു അന്തര്‍ദേശീയ നിലവാരത്തിലുള്ള പഠന, ഗവേഷണ, പരീശീലന കേന്ദ്രമായി മാറ്റുമെന്ന് സര്‍ക്കാര്‍ കരട് തൊഴില്‍ നയത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് തൊഴിലാളികള്‍ക്കിടയിലും, തൊഴിലുടമകള്‍ക്കിടയിലും നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ സ്ഥലം കണ്ടെത്തുന്നതിലുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു.

മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും സൗജന്യ പരിശീലനം സംഘടിപ്പിക്കും. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ആയതിലേക്ക് പരിശീലനം നല്‍കുക എന്ന ദൗത്യവും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ഏറ്റെടുക്കും. ഈ രണ്ട് പരിപാടിയും അടുത്ത സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ന്റെ ലൈബ്രറി  ഗവേഷണ ലൈബ്രറിയായി ഉയര്‍ത്തും. സിവില്‍ സര്‍വ്വീസ് തുടങ്ങിയ ഉന്നത ശ്രേണികളിലേക്കുള്ള പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കു വേണ്ടി ആവശ്യമായ പുസ്തകങ്ങളും ആനുകാലികങ്ങളും ലൈബ്രറിയില്‍ ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.