കോഴിക്കോട്: മാലിന്യ നിക്ഷേപവും കയ്യേറ്റവും കാരണം മരണശയ്യയിലായ മാമ്പുഴ പുഴയെ രക്ഷിക്കാന്‍ പദ്ധതി. പുഴയെ ഹരിത കേരള മിഷന്റെ ഭാഗമായി നവീകരിക്കുന്ന പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. 1.75 കോടി രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നാലിന് രാവിലെ എട്ടിന് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ പ്രധാനപ്പെട്ട പുഴകളില്‍ ഒന്നായ മാമ്പുഴ, കുന്നമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകുന്നു. മാലിന്യ നിക്ഷേപവും കയ്യേറ്റവും മൂലം പല ഭാഗങ്ങളും ചെളി നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിലാണ്.  മാമ്പുഴ സംരക്ഷണ സമിതി രൂപീകരിച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് പുഴ സംരക്ഷണത്തിനായി നാട്ടുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാലിന്യം തള്ളുന്നത് തടയാനായി മാമ്പുഴ സംരക്ഷണ സേന സദാ കാവലിരിക്കുന്നു.

മാമ്പുഴയ്ക്ക് ഒരു പ്രതാപകാലമുണ്ടായിരുന്നു. ഈ പുഴയെ ആശ്രയിച്ചായിരുന്നു പ്രദേശവാസികളുടെ ജീവിതം പോലും. പുഴയുടെ ഇരുകരകളിലും നെല്ല് കൃഷി ചെയയ്തിരുന്നു. കയര്‍ മേഖലയും മാമ്പുഴയെ സമ്പന്നമാക്കി. ഏകദേശം മുപ്പത്തിയഞ്ചോളം ചകിരി കടവുകളും അഞ്ഞൂറില്‍പരം തൊഴിലാളികളും ഈ മേഖലയില്‍ ജോലി ചെയ്തിരുന്നു.

പുഴയുടെ കരയിലെ വീടുകളുടെ നിര്‍മ്മാണത്തിന് വേണ്ട ഓടുകളെല്ലാം പുഴയിലൂടെ തോണിയിലായിരുന്നു എത്തിച്ചിരുന്നത്. കോഴിക്കോട് അങ്ങാടിയില്‍ നിന്ന് വീടുകളിലേക്ക് വേണ്ട സസാധനങ്ങളും പുഴയിലൂടെ കൊണ്ടുവന്നു. ദേശാടനക്കിളികളുടെ പറുദീസ കൂടിയായിരുന്നു പുഴയുടെ തീരം. കൊക്ക്, നീര്‍നായ, വെള്ള എരണ്ട, കുളക്കോഴി, പൊന്മാന്‍ തുടങ്ങിയവയെല്ലാം ഇവിടെ സ്ഥിരം കാഴ്ചകളായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ തരം ആമ്പലുകളും ഇവിടെ വിരിഞ്ഞു നിന്നിരുന്നു.

മത്സ്യ സമ്പത്തുകൊണ്ടും ശ്രദ്ധേയമായിരുന്നു മാമ്പുഴ. കരിമീന്‍,ഇരിമീന്‍, ആരല്, തിരുത,കടു തുടങ്ങി നിരവധി മത്സ്യങ്ങള്‍ പുഴയിലുണ്ടായിരുന്നു. മത്സ്യബന്ധനം പലരുടെയും ഉപജീവന മാര്‍ഗം കൂടിയായിരുന്നു.