കോഴിക്കോട് > കേരളം തൊഴിൽ – നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മന്ത്രി ടി പി രാമകൃ ഷ്ണൻ പറഞ്ഞു. കേരളത്തിലേക്ക് വരുന്ന നിക്ഷേപകരെ അകറ്റാൻ മുമ്പ് ചില നിക്ഷിപ്ത താൽപ്പര്യക്കാർ ശ്രമിച്ചിരുന്നെങ്കിലും അതിനെ അതിജീവിക്കാൻ സർക്കാരിന് കഴിഞ്ഞു. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ് ഏർപ്പെടുത്തിയ സുരക്ഷാ അവാർഡിന്റെ സംസ്ഥാനതല വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി.

തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു. അപകടരഹിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങളാണ് ലക്ഷ്യം. ജനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാനേജ്മെന്റുകൾ കൂടുതൽ ശ്രദ്ധ പുലർത്തണം. തൊഴിൽ സമ്മർദങ്ങൾ തൊഴിലാളികൾക്കിടയിൽ വിഷാദരോഗങ്ങൾ ഉൾപ്പെടെയുള്ള മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കണം.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച 19 വ്യവസായ സ്ഥാപനങ്ങൾക്ക് വിവിധ കാറ്റഗറിയിൽ മന്ത്രി അവാർഡുകൾ വിതരണംചെയ്തു. ചടങ്ങിൽ എം കെ മുനീർ എംഎൽഎ അധ്യക്ഷനായി. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.