കോഴിക്കോട് : എല്ലാ തൊഴിൽ മേഖലയിലും മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തും. നിരവധി മേഖലകളിൽ ഇതിനകം മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകഴിഞ്ഞു. പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്ത മേഖലകളിലും മിനിമം വേതനം നിശ്ചയിക്കാൻ നടപടിയെടുത്തുവരികയാണ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യ വിതരണ മേളയും ബോധവൽക്കരണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിവിധ മേഖലകളിലെ തൊഴിലാളികളെ ക്ഷേമനിധി ബോർഡിനുകീഴിൽ കൊണ്ടുവരാൻ സർക്കാർ നടപടിയെടുക്കും. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. എട്ടുവർഷം ക്ഷേമനിധി അംഗത്വം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് പെൻഷൻ നൽകും. മെച്ചപ്പെട്ട ആനുകൂല്യം നൽകാൻ ക്ഷേമനിധി പരിഷ്‌കരിക്കും. അംശദായവും ആനുകൂല്യവും വർധിപ്പിക്കാൻ നടപടിയെടുക്കും.

റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ ശക്തമായ ഇടപെടൽ വേണം. ഇതിന്റെ ഭാഗമായി മോട്ടോർ തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും പരിശീലനം നൽകൽ സർക്കാർ പരിഗണനയിലാണ്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പെൻഷൻ കുടിശ്ശിക പൂർണമായി കൊടുത്തു. തുക വർധിപ്പിച്ചു. 1,52,000 ഗുണഭോക്താക്കൾക്ക് 320 കോടി പെൻഷൻ ഇനത്തിൽ വിതരണം ചെയ്തു. ആനുകൂല്യങ്ങൾ തൊഴിലാളികളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.