തോട്ടം തൊഴിലാളികള്‍ക്ക് വേതനം നേരിട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. യോഗത്തില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍  പങ്കെടുത്തു.

ഇപ്പോള്‍ ബാങ്ക് വഴിയാണ് തൊഴിലാളികള്‍ക്ക് കൂലി വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. തോട്ടം മേഖലയില്‍ എ.ടി.എം. കൗണ്ടറുകള്‍ ഇല്ലാത്തതിനാല്‍ ഏറെ ദൂരം യാത്രചെയ്താണ് തൊഴിലാളികള്‍ പണം എടുക്കുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കും. നിര്‍ബന്ധമായും ബാങ്ക് വഴി വേതനം വിതരണം ചെയ്യേണ്ട 39 മേഖലകളില്‍ ഇപ്പോള്‍ പ്ലാന്റേഷനും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമന്ന് മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തോട്ടം തൊഴിലാളികള്‍ക്കും വിരമിച്ച തൊഴിലാളികള്‍ക്കും സ്വന്തമായി വീട് നല്‍കുമെന്ന പ്രഖ്യാപനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വീട് നിര്‍മ്മിക്കുന്നതിനുളള ചെലവിന്റെ പകുതി ഉടമകള്‍ വഹിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. സ്വന്തമായി സ്ഥലമില്ലാത്ത തൊഴിലാളികളുടെ കാര്യത്തില്‍ തോട്ടം ഉടമകള്‍ സ്ഥലം ലഭ്യമാക്കണം. ഭവനപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തോട്ടം ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

റീപ്ലാന്റേഷനു വേണ്ടി റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോള്‍ സീനിയറേജ് ഈടാക്കുന്ന വ്യവസ്ഥ മാറ്റണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറപ്പിക്കുന്നതിന് പ്രായോഗികമായ നടപടികള്‍ സ്വീകരിക്കും. തോട്ടങ്ങളുടെ പാട്ടം കാലാവധി നിയമാനുസൃതം പുതുക്കി നല്‍കുക എന്നതുതന്നെയാണ് സര്‍ക്കാരിന്റെ നയം. അതനുസരിച്ചുളള നടപടികള്‍ സ്വീകരിക്കും.

തേയില, കാപ്പി, ഏലം എന്നിവ തോട്ടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പൊതുവിതരണ സംവിധാനം വഴി ലഭ്യമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കും. തൊഴിലാളികളുടെ കൂലി പുതുക്കുന്നതിനുളള നടപടികള്‍ തൊഴില്‍ വകുപ്പ് എടുത്തുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ നിലപാടാണ് സര്‍ക്കാരിനുളളത്.

തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് തോട്ടം നികുതിയും കാര്‍ഷികാദായ നികുതിയും ഒഴിവാക്കണമെന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ഉപസമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്.

യോഗത്തില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥന്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ ടിക്കാറാം മീണ, ലേബര്‍ കമ്മീഷണല്‍ പി.അലക്‌സാണ്ടര്‍, നികുതി വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ ലാലാജി ബാബു (സി.ഐ.ടി.യു), സി.എ. കുര്യന്‍ (എ.ഐ.ടി.യു.സി), എ.കെ. മണി (ഐ.എന്‍.ടി.യു.സി), ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, ടി. രാജേന്ദ്രന്‍പിളള (ബി.എം.എസ്), ജി. സുഗുണന്‍ (എച്ച്.എം.എസ്), മുന്‍ എം.എല്‍.എ. പി.ജെ. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.