തിരുവനന്തപുരം :തൊഴിൽ മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന്  സംസ്ഥാന ബജറ്റിൽ ഒട്ടേറെ തൊഴിലാളിക്ഷേമ പദ്ധതികൾ. ഇതരസംസ്ഥാന തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട താമസസൗകര്യം നൽകുന്ന അപ്നാഘർ പദ്ധതിക്ക് ഏഴുകോടി വകയിരുത്തിയതാണ് ഇതിൽ ശ്രദ്ധേയം. ഇവർക്കായുള്ള ആവാസ് ഇൻഷുറൻസിന് 10 കോടിയും വകയിരുത്തി.

തൊഴിൽവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് ബജറ്റിൽ വകയിരുത്തിയത് 572.67 കോടി രൂപയാണ്. ലേബർ കമീഷണറേറ്റിന് 401.51 കോടിയും വ്യവസായപരിശീലന വകുപ്പിന് 132.01യും നാഷണൽ എപ്ലോയ്മെന്റ് സർവീസ(കേരള)സിന്  30കോടിയുമാണ് അനുവദിച്ചത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന് മൂന്നുകോടിയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന് 6.25 കോടിയും ഇൻഷുറൻസ് മെഡിക്കൽ സർവീസിന് 2.47 കോടിയുമുണ്ട്.

തോട്ടം തൊഴിലാളികൾക്കും അസംഘടിതമേഖലയിലെ പാവപ്പെട്ട തൊഴിലാളികൾക്കുംവേണ്ടി ആവിഷ്കരിച്ച ഭവനം, ജനനി പദ്ധതികൾക്കായി അനുവദിച്ചത് 11 കോടി. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് (ചിസ്, ചിസ് പ്ലസ് 194. 26 കോടി രൂപയും ദേശീയ ആരോഗ്യപരിപാലനപദ്ധതി(ആർഎസ്ബിവൈ)ക്ക് സംസ്ഥാനവിഹിതമായി 89.80 കോടി രൂപയും വകയിരുത്തി.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട അമ്മമാർ, അവിവാഹിത അമ്മമാർ എന്നിവർക്ക് സ്വയംതൊഴിൽ പദ്ധതിക്കായി(ശരണ്യ) 17.20 കോടി രൂപ നീക്കിവച്ചു.  ഇ‐പേമെന്റ് സംവിധാനം മെച്ചപ്പെടുത്താനും വകുപ്പിലെ ആധുനീകരണത്തിനുമായി 2.20 കോടി രൂപയും അസംഘടിതമേഖലയിലെ തൊഴിലാളികൾക്കുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് അഞ്ചുകോടിയും വകയിരുത്തി.

അപകടങ്ങൾക്കിരയാകുന്ന ദിവസവേതനക്കാരായ തൊഴിലാളികൾക്കുള്ള സഹായം, മരംകയറ്റ തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതിപ്രകാരം സഹായം ലഭിച്ചവർക്കുള്ള പെൻഷൻ പദ്ധതി, പ്രസവാനുകൂല്യങ്ങൾ എന്നിവയ്ക്കായാണ് തുക വിനിയോഗിക്കുക. അസംഘടിത തൊഴിലാളിസാമുഹ്യസുരക്ഷാ പദ്ധതിയിൽ  രജിസ്റ്റർചെയ്ത തൊഴിലാളികൾക്ക് ആനുകൂല്യം നൽകാൻ 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കുമുള്ള ഗ്രേഡിങ് സംവിധാനം ശക്തിപ്പെടുത്തും. ഇതിന് 75 ലക്ഷം രൂപ നീക്കിവച്ചു. ലേബർ ഡാറ്റാബാങ്കിൽ ഉൾപ്പെടുന്നവർക്ക് പരിശീലനം നൽകാൻ 50 ലക്ഷം നീക്കിവച്ചു.