*ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുമെന്ന്തൊഴില്‍ – എക്‌സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍

മലപ്പുറം: രാവിലെ ഉറക്കമുണരും മുമ്പ് കതകില്‍ മുട്ടിവിളിച്ച സംഘത്തെ കണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ആദ്യം ഒന്ന് പകച്ചു. രോമക്കുപ്പായവും തൊപ്പിയുമിട്ട് വെളുപ്പിന് വിളിച്ചുണര്‍ത്തിയത് സംസ്ഥാനത്തെ മന്ത്രിയാണെന്ന് മനസ്സിലാക്കിയതോടെ അവര്‍ ഒന്നുകൂടി അമ്പരന്നു. തൊഴില്‍ – എക്‌സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണനാണ് ഇതരസംസ്ഥാനത്തൊളിലാളികളെ തേടി അവരുടെ താമസസ്ഥലങ്ങളിലെത്തിയത്.

ശനിയാഴ്ച പെരിന്തല്‍മണ്ണയിലെത്തിയ മന്ത്രി വൈകിട്ട് നടക്കാനിറങ്ങിയപ്പോഴാണ് ഇതരസംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കണ്ടത്. അവരുടെ ജീവിതസാഹചര്യങ്ങള്‍ നേരിട്ടുകാണണമെന്ന് അദ്ദേഹം തീരുമാനിച്ചു. രാത്രിയോടെ ഉദ്യോഗസ്ഥരെ വിളിച്ച് സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി.
തൊഴിലാളികള്‍ ജോലിക്കുപോകും മുമ്പ് താമസസ്ഥലങ്ങളില്‍ എത്തുകയായിരുന്നു ലക്ഷ്യം. രാവിലെ 6.30 ആയപ്പോഴേക്കും പെരിന്തല്‍മണ്ണ ഊട്ടി റോഡിലുള്ള താമസസ്ഥലങ്ങളില്‍ മന്ത്രിയെത്തി. ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ അംഗങ്ങളാകണമെന്ന് മന്ത്രി തൊഴിലാളികളോട് പറഞ്ഞു.
ഇനിയും അംഗങ്ങളാകാത്തവരെ ചേര്‍ക്കാന്‍ ജാഗ്രത കാണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ആവാസ് പദ്ധതിയുടെ വിശദാംശങ്ങള്‍ ബംഗാളിയിലും ഹിന്ദിയിലും രേഖപ്പെടുത്തിയ നോട്ടീസ് മന്ത്രി തന്നെ തൊഴിലാളികള്‍ക്ക് നല്‍കി. ശുചിത്വത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ വേണമെന്ന് മറ്റൊരുപദേശവും. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. രോഗം പടരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. നഗരസഭ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം നിര്‍ദേശവും നല്‍കി.
ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുമെന്ന് സന്ദര്‍ശനത്തിനുശേഷം മന്ത്രി പറഞ്ഞു. കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള എല്ലാ നിയമ പരിരക്ഷയും ഇതര സംസ്ഥാനക്കാര്‍ക്കും ലഭ്യമാക്കും. 15000 രൂപ വരെ ചികിത്സാസഹായവും മരണം സംഭവിച്ചാല്‍ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആവാസ്. എല്ലാ ഇതരസംസ്ഥാന തൊഴിലാളികളെയും പദ്ധതിയില്‍ അംഗങ്ങളാക്കണം.

മാലിന്യം നിക്ഷേപിക്കാന്‍ കെട്ടിട ഉടമകള്‍ സൗകര്യം നല്‍കണം. ജൈവമാലിന്യവും പ്ലാസ്റ്റിക്കും പ്രത്യേകം ശേഖരിക്കണം. ഇതിന് സൗകര്യമൊരുക്കാത്ത കെട്ടിട ഉടമകളില്‍ നിന്ന് നഗരസഭ പിഴ ഈടാക്കണം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, ജില്ലാ ലേബര്‍ ഓഫീസര്‍ കെ. കൃഷ്ണന്‍കുട്ടി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.