തൊഴില്‍ പരിശീല മേഖലയില്‍ സാങ്കേതിക ജ്ഞാനം കൈമാറുന്നതിലും തൊഴില്‍ പരിശീലന നയരൂപീകരണത്തിലും ഹിമാചലുമായി സഹകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ . കേരളത്തിന്റെ തൊഴിലും നൈപുണ്യവും മേഖലയെകുറിച്ചും തൊഴില്‍ പരിശീലന മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി എത്തിയ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ സന്ദര്‍ശിക്കാനെത്തിയ ഹിമാചല്‍ പ്രദേശ് സ്പെഷ്യല്‍ സെക്രട്ടറിയും ഹിമാചല്‍ പ്രദേശ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ രാജേശ്വര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘത്തെ സെക്രട്ടേറിയറ്റില്‍ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി സ്വീകരിച്ചു. കേരളത്തിന്റെ പൊതുവായ പൈതൃകവും തൊഴില്‍ മേഖലയും പരിശീലനവും തങ്ങളുടെ സംസ്ഥാനത്തിന്റെ തൊഴില്‍,നൈപുണ്യ പരിശീലന മേഖലയിലേയ്ക്ക് സ്വാംശീകരിക്കുന്നതിന് താല്‍പര്യമുണ്ടെന്ന് ഹിമാചല്‍ പ്രദേശ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ രാജേശ്വര്‍ ഗോയല്‍ വ്യക്തമാക്കി. കേരളത്തിന്റെ തൊഴില്‍ പരിശീലന മേഖലയെക്കുറിച്ച് ലഭ്യമായ അറിവ് ലോകോത്തരമെന്നതാണ്. അതിന്റെ മികച്ച വശങ്ങള്‍ മനസിലാക്കുന്നത് ഹിമാചല്‍ പ്രദേശിന്റെ തൊഴില്‍ നൈപുണ്യ മേഖലയില്‍ പ്രാവര്‍ത്തികമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു സംസ്ഥാനങ്ങളും ഇത്തരത്തില്‍ സാങ്കേതിക വിദ്യ, പരിശീലന മാനദണ്ഡങ്ങള്‍ എന്നിവ പങ്കുവയ്ക്കുന്നത് വൈദഗ്ധ്യമേഖലയില്‍ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ട്രെയിനിംഗ്-എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്വാഗതം ആശംസിച്ചു. ഹിമാചല്‍ പ്രദേശ് സംഘം ഇന്ന് തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയ്സ്, ഒഡെപെക് എന്നിവിടങ്ങളും എംപ്ലോയ്മെന്റ്, ഐടിഐ എന്നീ ഡയറക്ടറേറ്റുകളും സന്ദര്‍ശിക്കും. നാളെ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ഡിസൈനും സംഘം സന്ദര്‍ശിക്കും.ഹിമാചല്‍ പ്രദേശിലെ  നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കേരളത്തിലെ പ്രതിനിധി സംഘത്തെ അവിടേക്ക് ക്ഷണിച്ച സര്‍ക്കാര്‍ പ്രതിനിധി സംഘം 20-ന്  മടങ്ങും.