ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന സാക്ഷരതാ പരിപാടി (ചങ്ങാതി) രാജ്യത്തിനുതന്നെ മാതൃകയാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതു സംബന്ധിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാക്ഷരതയില്‍ കേരളം ഒന്നാമതാണ്. പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ചാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചത്. സാക്ഷരതാ പ്രസ്ഥാനം കൈവരിച്ച വിജയത്തിന്റെ അനുഭവത്തിലാണ് ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ സാക്ഷരതാമിഷന്‍ ഒരുങ്ങുന്നത്.

സംസ്ഥാനത്തു തൊഴിലെടുക്കുന്നവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ലഭ്യമാക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റി നിര്‍ത്തിക്കൊണ്ട് വികസനം അസാധ്യമാണ്. മലയാളം എഴുതാനും വായിക്കാനും തയ്യാറുള്ള എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും ഭാഷ പഠിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എല്ലാ തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യിക്കാനും ഇതര സംസ്ഥാന തൊഴിലാളികളുടെ ലഭ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണം. ജനപ്രതിനിധികളുടെ നല്ല സഹകരണമുണ്ടെങ്കിലേ ഇക്കാര്യങ്ങളെല്ലാം സാധ്യമാവൂ എന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ഇതു സംബന്ധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അതതു ജനപ്രതിനിധികള്‍ മന്ത്രിക്കു സമര്‍പ്പിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. അയ്യപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.