ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും അസംഘടിത മേഖലയിലുള്ളവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികളായെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ചേംബറില്‍ ചേര്‍ന്ന ചിയാക് ഹൈ പവേഡ് സൂപ്പര്‍വൈസറി കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്ബിവൈ പദ്ധതിയില്‍ പുതുതായി 4,40,779 കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 34 ലക്ഷത്തി എണ്‍പത്തയ്യായിരം പേര്‍ നിലവില്‍ അംഗങ്ങളാണ്. ഇതോടെ കേരളത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തോളം പേര്‍ ആര്‍എസ്ബിവൈ-ചിസ് പ്ലസ് പദ്ധതികളിലായി അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. കൂടുതല്‍ അര്‍ഹരെ അംഗങ്ങളാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മെഡിക്കല്‍ ക്ലയിം സംബന്ധിച്ച കാര്യങ്ങളില്‍ അര്‍ഹരായവര്‍ക്ക് അത് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കാലതാമസം പാടില്ല. ഇതിനായി പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്ബിവൈ,ചിസ്, ചിസ് പ്ലസ്,എസ് സിഎച്ച്‌ഐഎസ് പദ്ധതികളുടെ കേരളത്തിലെ ഇന്‍ഷ്വറന്‍സ് സ്‌കീം ഏജന്‍സിയായി നിലവില്‍ കരാറൊപ്പിട്ടിട്ടുള്ള റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാന്‍ യോഗം തീരുമാനിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി എന്നിവയെ പുതുതായി ചിസ് പ്ലസില്‍ ഉള്‍പ്പെടുത്തിയ നടപടി യോഗം സാധൂകരിച്ചു.

യോഗത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ കെ.ബിജു, എന്‍എച്ച്എം കേരളാ മിഷന്‍ ഡയറക്ടര്‍ വീണ എന്‍.മാധവന്‍, പ്ലാനിംഗ് ബോര്‍ഡംഗം ഡോ.കെ.രവിരാമന്‍, എല്‍എസ്ജിഡി അഡീ. സെക്രട്ടറി മിനിമോള്‍ ഏബ്രഹാം, ധന വകുപ്പ് അഡീ.സെക്രട്ടറി ജയലക്ഷ്മി, ആരോഗ്യ വകുപ്പ് അഡീ.സെക്രട്ടറി കെ.ബി.ബാഹുലേയന്‍, ചിയാക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍.അശോക് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.