ഇ.എസ്.ഐ കോര്‍പ്പറേഷന്‍ കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരും ഇ.എസ്.ഐ കോര്‍പ്പറേഷനും പിന്തിരിയണമെന്ന്  തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെലവു ചുരുക്കലിന്‍റെ  മറവിലാണ് സംസ്ഥാനത്തെ അഞ്ച് റീജിയണല്‍ ഓഫീസുകളില്‍ രണ്ടെണ്ണം വെട്ടിച്ചുരുക്കുന്നത്. കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ യഥാക്രമം തൃശ്ശൂര്‍, തിരുവനന്തപുരം റീജിയണല്‍ ഓഫീസുകളോട് ചേര്‍ക്കുവാനാണ് ശ്രമിക്കുന്നത്. കൊല്ലം ജില്ലയില്‍ കശുവണ്ടി മേഖലയിലടക്കം തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇ.എസ്.ഐ പദ്ധതി വഴി ചികിത്സ തേടുന്നത്. മലബാര്‍ മേഖലയിലെ ഏക റീജിയണണല്‍ ഓഫീസാണ് കോഴിക്കോട് ഉള്ളത്. തൊഴിലാളികള്‍ അവരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസ വിഹിതമടച്ചാണ് ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നത്.

ഇ.എസ്.ഐ പദ്ധതി മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും പകരം സമീപ കാലയളവില്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം ഗുണഭോക്താക്കള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള സംവിധാനം ഇ.എസ്.ഐ കോര്‍പ്പറേഷനാണ് നല്‍കിവന്നിരുന്നത്. ഈ ചികിത്സയുടെ അര്‍ഹതാ മാനദണ്ഡങ്ങളില്‍ കോര്‍പ്പറേഷന്‍ ഏകപക്ഷീയമായി ഭേദഗതി കൊണ്ടുവന്നതിനെ  തുടര്‍ന്ന് ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ചികിത്സാ ചെലവ് ഇനിമുതല്‍ കോര്‍പ്പറേഷന്‍ വഹിക്കില്ല. 18 പുതിയ ഇ.എസ്.ഐ ഡിസ്പെന്‍സറികള്‍ തുടങ്ങുന്നതിന് കോര്‍പ്പറേഷന്‍റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയും അതിനായി 162 തസ്തികകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അവ ആരംഭിക്കുന്നതിന് കോര്‍പ്പറേഷന്‍ ഇപ്പോള്‍ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ ഇ.എസ്.ഐ പദ്ധതി വിപുലപ്പെടുത്തുന്നതിനും   കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി നടപടികള്‍ സ്വീകരിച്ചുവരികയാണ്.  സംസ്ഥാനത്തെ ഒന്‍പത് ഇ.എസ്.ഐ ആശുപത്രികളിലും കമ്പ്യൂട്ടറൈസ്ഡ്    റേഡിയോഗ്രാഫി യൂണിറ്റുകള്‍ ഉടന്‍ സ്ഥാപിക്കും. എല്ലാ ഡിസ്പെന്‍സറികളിലും ഇന്‍റര്‍നെറ്റ് സൗകര്യത്തോടുകൂടി ടെലഫോണ്‍ സൗകര്യമേര്‍പ്പെടുത്തുകയും     കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലുമാണ്. മരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും നവീകരണപ്രവര്‍ത്തനങ്ങളും നടത്തുന്നതിന് 20 സംസ്ഥാന അംഗീകൃത ഏജന്‍സികളെ   ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി 25 സ്വകാര്യ ആശുപത്രികളെ    എംപാനല്‍ ചെയ്തിട്ടുണ്ട്.  ഡിസ്പെന്‍സറികളില്‍ നിന്നും ഇ.എസ്.ഐ ആശുപത്രികളിലെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് അഞ്ച് ദിവസത്തേക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കുന്നതിന് ഫാര്‍മസി ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായി ഡ്രഗ് ടെസ്റ്റിംഗ് ലാബോറട്ടറി പേരൂര്‍ക്കടയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ആശുപത്രികളില്‍ വരുന്ന രോഗികള്‍ക്ക് ഉച്ചയ്ക്കുശേഷം ലാബോറട്ടറി സൗകര്യം ലഭിക്കുന്നതിനായി സ്വകാര്യ ലാബോറട്ടറികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഒ.പി. ചികിത്സയും പെയിന്‍ ആന്‍റ്      പാലിയേറ്റീവ് കെയര്‍ സെന്‍റര്‍, 14 സ്ഥാപനങ്ങളില്‍ എന്‍.സി.ഡി ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.  ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇ.എസ്.ഐ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കണമെന്നും ഇ.എസ്.ഐ ഗുണഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാവുന്ന നിലപാടുകളില്‍ നിന്നും പിന്തിരിയണമെന്നും ഇ.എസ്.ഐ കോര്‍പ്പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു.