* മാലദ്വീപില്‍നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനവും എന്‍.ഇ.പി വിസാവിതരണവും നടന്നു

ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസരിച്ച്  ലോകനിലവാര മുള്ള നൈപുണ്യ പരിശീലനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ടി.പി. രാമകൃഷ്ണന്‍. മേനംകുളം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ നൈസ് അക്കാഡമിയില്‍ മാലദ്വീപില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങും ഒമാന്‍ എന്‍.ഇ.പി പരിപാടിയുടെ ഭാഗമായ വിദ്യാര്‍ഥികളുടെ വിസ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യസേവനമേഖലയില്‍ ചടുല വളര്‍ച്ചയ്ക്കനുസരിച്ച് നൈപുണ്യമുള്ളവര്‍ ക്കുള്ള ആവശ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. അത്തരത്തിനുള്ള നൈപുണ്യവികാസത്തിനാണ് സര്‍ക്കാര്‍ ‘കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സി’നു കീഴില്‍ നഴ്സിംഗ് നൈപുണ്യ പരിശീലനത്തിന് ‘നൈസ്’ ആരംഭിച്ചത്. ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് നഴ്സിംഗ് വിദഗ്ധര്‍ക്ക് പരിശീലനത്തിന് ‘നൈസ്’ സജ്ജമാണ്.

ലോകവ്യാപകമായ അവസരങ്ങള്‍ക്കനുസരിച്ചുള്ള പരിശീലനമാണിവിടെ നല്‍കു ന്നത്. ഇതുവഴി സാമൂഹ്യ, സാമ്പത്തികരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാ വുന്നുണ്ട്. മാലദ്വീപില്‍ നിന്നുള്ള 74 കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനായതും അവര്‍ക്ക് പ്ലേസ്മെന്‍റ് നേടാനായതും അഭിമാനകരമാണ്. നൈപുണ്യ വികസനത്തിന്‍റെ പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

മാലദ്വീപുമായി വിദ്യാഭ്യാസ, വിനോസഞ്ചാരമുള്‍പ്പെടെയുള്ള മറ്റ് മേഖലകളിലും നൈപുണ്യവികസന സഹകരണത്തിന് കേരളം തയാറാണെന്നും മന്ത്രി അറിയിച്ചു.
മാലദ്വീപിലെ വിദ്യാഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാം മുഖ്യാതിഥിയായിരുന്നു. നഴ്സിംഗ് രംഗത്ത് ആതുരരംഗത്തെ നൈപുണ്യത്തിനൊപ്പം വ്യക്തിപരമായ നൈപുണ്യം നേടാനും ‘നൈസി’ലെ പരിശീലനം സജ്ജമാക്കുമെന്ന് അവര്‍ പറഞ്ഞു. 103 വിദ്യാര്‍ഥികള്‍ അടുത്ത ബാച്ചില്‍ മാലദ്വീപില്‍ നിന്നുമുണ്ട്. യുവജനങ്ങളുടെ മാനവശേഷി വികസനത്തിന് മാലദ്വീപ് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

നൈസ് വെബ്സൈറ്റിന്‍റെയും ലോഗോയുടെയും പുനഃപ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു.

കെയ്സ് ചെയര്‍മാന്‍കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ചു. നഴ്സിംഗ് വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടര്‍ പ്രഫ. പ്രസന്നകുമാരി, നൈസ് ഫാക്കല്‍റ്റി ഡോ.ആര്‍.രാംരാജ്, കിന്‍ഫ്ര എംഡി ജീവ ആനന്ദന്‍, മാലദ്വീപ് ടി.വി.ഇ.ടി അതോറിറ്റി ഡയറക്ടര്‍ ആമിനത്ത് അസ്റ എന്നിവര്‍ സംബന്ധിച്ചു. ലേബര്‍ കമ്മീഷണര്‍ കെ.ബിജു സ്വാഗതവും എസ്.യു.ടി യൂണിറ്റ് ഹെഡ് ജയരാമന്‍ വെങ്കട്ട് നന്ദിയും പറഞ്ഞു.