യുഎഇയില്‍ കേരളത്തിന്‍റെ നേതൃത്വത്തില്‍ സാങ്കേതിക വൈദഗ്ധ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും. യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
കേരള അക്കാഡമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റെ മാതൃകയില്‍ രാജ്യാന്തര നിലവാരമുള്ള സ്ഥാപനമായിരിക്കും അബുദാബിയില്‍ തുടങ്ങുക. മലയാളികള്‍ക്ക് പുറമെ സ്വദേശികള്‍ക്കും ഇവിടെ സാങ്കേതിക വൈദഗ്ധ്യ പരിശീലനം നല്‍കും. ഇതിന് പുറമെ കേരളത്തിലെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനും ഇത് സഹായകരമാകും.
അബുദാബിയും കേരളവും സംയുക്തമായിട്ടായിരിക്കും സ്ഥാപനം ആരംഭിക്കുക.  ഇതുസംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്കായി ഉന്നത തല സംഘം വൈകാതെ യുഎഇയിലെത്തും. സംയുക്ത സമിതി രൂപീകരിച്ചായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനം. പദ്ധതിക്ക് എല്ലാവിധ സഹായവും യുഎഇ തൊഴില്‍ മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണവും  യുഎഇ തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് സ്വീകരിച്ചിട്ടുണ്ട്.ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള റിക്രൂട്ട്മെന്‍റ് ഒഡെപെക് വഴിയാക്കാനുള്ള സാഹചര്യം ഒരുക്കുവാനും ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.