സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും സൗജന്യ ചികിൽസയും  ഉറപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു.

ഈ വര്‍ഷം തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് അന്താരാഷ്ട്ര തൊഴിലാളി സംഘടന, കേന്ദ്ര സര്‍ക്കാർ എന്നിവയുടെ പിന്തുണയും തേടിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡ് വിവരങ്ങൾ ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തിയ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കുന്നത്. ആധാർ കാര്‍ഡ് ഇല്ലാത്തവര്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്. ഇതിലൂടെ ലഭ്യമാകുന്ന വിവരം ആരോഗ്യം, പോലീസ് തുടങ്ങിയ മറ്റ് വകുപ്പുകള്‍ക്കും പ്രയോജനകരമാകും.

ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായപ്പോള്‍ത്തന്നെ ഫ്രാന്‍സ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങൾ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിൽ മാധ്യമശ്രദ്ധ നേടിയിരുന്നു.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന രജിസ്ട്രേഷന്റെ ആദ്യ ഘട്ടത്തിൽ അഞ്ച് ലക്ഷത്തോളം തൊഴിലാളികളെ ഉള്‍പ്പെടുത്താനാകുമെന്നാണ് കരുതുന്നതെങ്കിലും മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളെയും ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഭാഗമാക്കും. ഇതിനായി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങൾ, ഒത്തുകൂടാറുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥർ നേരിട്ട് ചെന്ന് വിവരശേഖരണം നല്‍കി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. ഇതിനു പുറമേ ഓണ്‍ലൈൻ ആയി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ഇതിനു പുറമേ റെയില്‍വേ സ്റ്റേഷനുകളിൽ ഫെസിലിറ്റേഷന്‍ സെന്‍ററുകൾ ആരംഭിക്കും.

രളത്തില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിക്കുന്ന കൃത്യമായ ഡാറ്റ തൊഴില്‍ വകുപ്പിൽ ലഭ്യമല്ല. ആയതിനാല്‍ ഇവർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനോ അവ പരിഹരിക്കുന്നതിനോ വേണ്ടി ഫലപ്രദമായി ഇടപെടുന്നതിന് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും നടത്തി തിരിച്ചറിയിൽ കാര്‍ഡ് നല്‍കി ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ആവാസ് പദ്ധതി ലക്ഷ്യമിടുന്നത് .

ആവാസ് പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 15000 രൂപയുടെ സൗജന്യ ചികിത്സ സംസ്ഥാനത്തെ എല്ലാ സര്‍ക്കാർ ആശുപത്രിയിൽനിന്നും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുന്നു. ഇതിനു പുറമേ തൊഴിലാളി മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുന്ന അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതാണ് ആവാസ് പദ്ധതി.

ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയെ സംബന്ധിച്ച വിവരങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, ബംഗാളി എന്നീ അഞ്ച് ഭാഷകളില്‍ പ്രതിപാദിക്കുന്ന ബ്രോഷറിന്റെ പ്രകാശനവും നിര്‍വഹിക്കുകയുണ്ടായി. പദ്ധതിയുടെ ലോഗോ രൂപകല്‍പ്പന ചെയ്ത കോഴിക്കോട് സ്വദേശി സി.കെ.അനൂജിന് പാരിതോഷികം നൽകി .