തൊഴിൽവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ ബന്ധസമിതി രൂപികരിച്ച് ആദ്യയോഗം ഇന്ന് ചേരാൻ കഴിഞ്ഞതിൽ വളരെയധികം ചരിതാർഥ്യമുണ്ട്. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും, വ്യവസായമേഖലയിലെയും സംസ്ഥാനത്തെ തലമുതിർന്ന നേതാക്കളും, ഉദ്യോഗസ്ഥരും ഉൾപ്പെട്ടതാണ് സമിതി.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലയളവിൽ തൊഴിൽ മേഖലയിൽ സങ്കീർണ്ണമായ നിരവധി പ്രശ്നങ്ങൾ ഉയർന്നു വന്ന സമയത്തു പോലും വ്യവസായ ബന്ധസമിതി പുനഃസംഘടിപ്പിക്കുന്നതിനോ , വിളിച്ചു ചേർക്കുന്നതിനോ യു.ഡി.എഫ് സർക്കാർ തയാറായില്ല എന്നത് തൊഴിൽ മേഖലയിൽ യു.ഡി.എഫ് സർക്കാർ വരുത്തിയ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്.

ഇന്ന് ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിൽ സംസ്ഥാനത്തെ തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും എൽ.പി.ജി – പെട്രോളിയം മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ചും ഗതാഗത മേഖലയിലുണ്ടാകുന്ന മിന്നൽ പണിമുടക്കുകൾ സംബന്ധിച്ചും നിരവധി നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു വന്നു. സംസ്ഥാന സർക്കാരിന്റെ കരട് തൊഴിൽ നയത്തിന് രൂപം നൽകിയിട്ടുണ്ട് . ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തിന് ശേഷം ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് യോഗം തീരുമാനമെടുത്തു.

ട്രേഡ് യൂണിയൻ നേതാക്കളായ ശ്രീ.എളമരം കരിം, ശ്രീ. അനത്തലവട്ടം ആനന്ദൻ, ശ്രീ.പി.നന്ദകുമാർ, ശ്രീ.കെ.പി.രാജേന്ദ്രൻ ശ്രീ.എ.എ.അസീസ്, ശ്രീ.കെ.പി.ഹരിദാസ്, ശ്രീ.എം.പി.രാജീവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തൊഴിൽ മേഖലയിൽ എൽ.ഡി.എഫ് സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണയാണ് യോഗത്തിൽ ലഭിച്ചത്.