സംസ്ഥാനത്തെ മുഴുവൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും ഇ- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും, പുതുക്കുന്നതിനും പുറമെ, പുതിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ചേർക്കുവാനും ഇതുവഴി എളുപ്പത്തിൽ സാധ്യമാകും. കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പുതിയ ഓൺലൈൻ പോർട്ടലിനു പുറമെ അത്യാവശ്യമുള്ള സേവനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാകും. സർക്കാർ മേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയിലെ ഒഴിവുകളും കാലതാമസം ഒഴിവാക്കി ഉദ്യോഗാർത്ഥികളിലേക്ക് വളരെ വേഗത്തിലെത്തിക്കാൻ സാധിക്കുമെന്നതാണ് ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതിന്റെ സുപ്രധാന നേട്ടം.www.employment.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന എംപ്ലോയ്മെന്റ് വകുപ്പിന്റെ ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി തൊഴിലന്വേഷകർക്ക് ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി ഇ- എംപ്ലോയ്‌മെന്റ് വഴി തൊഴിൽ സാധ്യതകൾ തുറന്നുകൊടുക്കുന്ന ആദ്യ സംസ്ഥാനമായി മാറാനും ഇതുവഴി കേരളത്തിന് സാധിച്ചു.