വ്യാവസായിക പരിശീലന വകുപ്പ് ഐടിഐ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ സംഘടിപ്പിച്ച ജോബ് ഫെയർ സ്പെക്ട്രം 2017 സമാപിച്ചു. മാർച്ച് 17നു കളമശ്ശേരി ഗവണ്മെന്റ് ഐടിഐ, 20നു കോഴിക്കോട് ഗവണ്മെന്റ് ഐടിഐ, 23നു മലമ്പുഴ ഗവണ്മെന്റ് ഐടിഐ എന്നിവിടങ്ങളിലായാണ് ജോബ് ഫെയർ നടന്നത്. മൊത്തം 13759 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത തൊഴിൽ മേളയിൽ 6868 പേർ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത 305 സ്ഥാപനങ്ങളിൽ നിന്ന് 105 സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കാളികളായി. 4368 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽമേളയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തിയ ജോബ് ഫെയർ ആലപ്പുഴ മുതൽ വടക്കോട്ടുള്ള എല്ലാ ജില്ലകളിലെയും ഉദ്യോഗാർഥികളുടെ സാന്നിധ്യം കൊണ്ടും ശ്രേദ്ധേയമായ ഒന്നായിരുന്നു.