കേരളത്തിന്റെ തൊഴിൽമേഖലയിലെ അവിഭാജ്യഘടകങ്ങളാണ് ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ. ഇവരുടെ തൊഴിൽസുരക്ഷയും, സംരക്ഷണവും, തൊഴിൽ സൗഹൃദ തൊഴിലിടങ്ങളും ഉറപ്പുവരുത്തേണ്ടത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവര ശേഖരണവും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പാക്കുന്ന ‘ആവാസ്’ പദ്ധതിയുടെ തുടർനടപടിക്കായി പത്തു കോടി രൂപ ഭരണാനുമതി നൽകി നൽകി സർക്കാർ ഉത്തരവായിട്ടുണ്ട്.

സംസ്ഥാനത്ത് ജോലി ചെയ്യുന്ന 18നും 60 നും ഇടയിൽ പ്രായമുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യപരിരക്ഷയും, 15000 രൂപ വരെയുള്ള സൗജന്യചികിത്സ സഹായവും, രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ആധുനിക മാതൃകയിലുള്ള ഇൻഷുറൻസ് ലിങ്ക്ഡ് തിരിച്ചറിയിൽ കാർഡും പദ്ധതിയിലൂടെ അനുവദിക്കും.

ജില്ലാതലത്തിൽ ജില്ലാ കളക്ടർ ചെയർമാനും, ജില്ലാ ലേബർ ഓഫീസർ കൺവീനറുമായിട്ടുള്ള കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരും കമ്മിറ്റി അംഗങ്ങളാകും. തദ്ദേശഭരണ സ്ഥാപനങ്ങൾ വാർഡ് അടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപികരിച്ചു തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകളും ആരംഭിക്കും.