ഇന്ത്യയില്‍ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി താമസ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ‘അപ്നാ ഘര്‍ പാര്‍പ്പിട സമുച്ചയം’ കഞ്ചിക്കോട് കിന്‍ഫ്രാപാര്‍ക്കിന്റെ 69 സെന്റിലാണ് ഒരുങ്ങുന്നത്. പാര്‍പ്പിടങ്ങള്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ മാസ-ആഴ്ച വാടകയ്ക്ക് നല്‍കും. കിറ്റ്‌കോ യാണ് പദ്ധതിയുടെ നിര്‍മാണമേല്‍നോട്ടം നിര്‍വഹിക്കുന്നത്. തൃശൂരിലെ കോസ്റ്റ് ഫോര്‍ഡിനാണ് നിര്‍മാണ ചുമതല. എട്ടരക്കോടി ചെലവില്‍ ഒരുങ്ങുന്ന പാര്‍പ്പിട സമുച്ചയം 2017 മാര്‍ച്ചില്‍ താമസത്തിനായി തുറന്നുകൊടുക്കും. 2016 നവംബറില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും, ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പും നേരിട്ട് സന്ദര്‍ശിച്ചു നിര്‍മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
45000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 12 പേര്‍ക്ക് താമസിക്കാവുന്ന 64 മുറികളാണ് ഒരുങ്ങുന്നത്. 768 പേര്‍ക്ക് താമസസൗകര്യമൊരുങ്ങുന്ന പദ്ധതിയില്‍ 32 അടുക്കള,96 ടോയ്‌ലെറ്റ്, 8 ഊണുമുറി കുളിക്കാനും, അലക്കാനും വിശാലമായ സൗകര്യങ്ങള്‍ക്കും പുറമേ. ഓരോ നിലയിലും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും ഒരുക്കും. രണ്ടാം ഘട്ടത്തില്‍ എറണാംകുളം ജില്ലയിലെ പെരുമ്പാവൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കുടിയേറ്റതൊഴിലാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും വകുപ്പ് നടപ്പാക്കും. തദ്ദേശവകുപ്പിന്റെ സഹായത്തോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപ്പാക്കിയ ശേഷം ആദ്യ ഘട്ടത്തില്‍ 5 ലക്ഷം തൊഴിലാളികള്‍ക്കും, രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ തൊഴിലാളികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക