അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വികസന പദ്ധതിയാണ് പേരാമ്പ്ര ലക്ഷ്യമിടുന്നത്. മുഖ്യധാരാ വികസന പദ്ധതികള്‍ എന്നും ഇത്തരം അരികുവല്‍ക്കരണം നടത്താറുണ്ട്. ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന കാഴ്ചപ്പാടും പ്രായോഗിക ഇടപെടലുകളുമാണ് ഇതിനെ ചെറുക്കാനുള്ള പോംവഴി. ഭരണകാലയളവുകളില്‍ എന്നും മുഖ്യധാരാ വികസനസങ്കല്പങ്ങള്‍ക്കപ്പുറം ‘ബദല്‍ വികസന’സാധ്യതകളരാഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൃത്യമായ കാഴ്ചപ്പാടാണ് ഈ വിഷയത്തിലുള്ളത്. ചേര്‍മല സാംബവ കോളനിയിലെ പിന്നോക്കാവസ്ഥയെക്കുറിച്ച് പൊതുസമൂഹം ചര്‍ച്ച ചെയ്തതാണ്. ചേര്‍മല കോളനിയില്‍ പ്രായോഗികമായി എന്തുചെയ്യാം എന്നതിലായിരുന്നു പേരാമ്പ്രയിലെ ജനപ്രതിനിധി എന്ന നിലയില്‍ ശ്രമിച്ചത്. ഒരു ‘വികസന പാക്കേജ്’ തന്നെ നടപ്പിലാക്കാനാണ് ശ്രമമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ വ്യക്തമാക്കിയതാണ്. കുടിവെള്ളം, പാര്പ്പിടം, വിദ്യാഭ്യാസം എന്നിങ്ങനെ അവര് നേരിടുന്ന പ്രശ്‌നങ്ങള് പരിഹരിക്കാന് മുന്‍കാലങ്ങളിലേതുപോലെ സജീവമായ ഇടപെടലുകള്‍ തുടരേണ്ടതുമുണ്ട്. ജൂലൈ 22 ന് ജില്ലാ കളക്ടര്‍ക്കും വകുപ്പ് മേധാവികള്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും ഒപ്പം ചേര്‍മല കോളനി സന്ദര്‍ശിക്കുകയും പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ കോളനി വികസനത്തിനുള്ള വകുപ്പുകളെ ഏകോപിപ്പിക്കുന്ന യോഗം ചേരുകയുമുണ്ടായി. സമഗ്രമായ ചര്‍ച്ചകളാണ് കോളനി വികസനത്തെ സംബന്ധിച്ച് നടന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളോട് ചേര്‍ന്നുകൊണ്ടാണ് ഈ വികസന പദ്ധതി തയ്യാറായി വരുന്നത്. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയാണ് ചേര്‍മല കോളനി വികസന പദ്ധതിക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത് .ചേര്‍മല സാംബവ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അടിയന്തിരമായി സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കാനും തീരുമാനമുണ്ടായി. പൊതുമേഖലാ പാചക വാതക കമ്പനിയായ ഇന്‍ഡേനിന്റെ പേരാമ്പ്രയിലെ ഏജന്‍സിയായ ധീര ഗ്യാസ് സര്‍വീസസാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്ത് 16 ന് പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കപ്പെടുകയുണ്ടായി. ക്രിയാത്മകമായി തയ്യാറാക്കപ്പെട്ടിട്ടുള്ള ‘സമഗ്ര വികസന പദ്ധതി’ യുടെ അടിസ്ഥാനത്തില്‍ ആരോഗ്യം, ശുചിത്വം, തൊഴില്‍ പരിശീലനം, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം. പരമ്പരാഗത തൊഴില്‍ പരിശീലനത്തിനും ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും സര്‍ക്കാരിന്റെ സഹായം പരാമവധി ഉറപ്പാക്കും. തനത് കൈ തൊഴിലുകള്‍ക്കായി സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനും പദ്ധതിയുണ്ട്. സ്വയം തൊഴിലുകളും കാര്‍ഷിക മേഖലയിലെ തൊഴിലും പ്രോത്സാഹാഹിപ്പിക്കേണ്ടതുമുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമായി ചേര്‍ന്ന് സ്ത്രീകള്‍ക്ക് വേണ്ടിയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി പി.എസ്.സി. പരീക്ഷ പരിശീലന കേന്ദ്രങ്ങളും വിഭാവന ചെയ്യേണ്ടതുണ്ട്. മറ്റുസംസ്ഥാനങ്ങളേക്കാളും ഏറെ വളര്ച്ചപ്രാപിച്ച സംസ്ഥാനമാണ് കേരളമെങ്കിലും ചരിത്രപരമായ കാരണങ്ങളാല്‍ പുറകോട്ടുനില്‍ക്കുന്ന ചില ഒറ്റപ്പെട്ട തുരുത്തുകളില് കൂടി വികസനമെത്തിക്കുക എന്നത് ഈ ഗവണ്മെന്റിന്റെ പ്രഖ്യാപിത നിലപാടാണ്.