ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം ലഹരി വഴികളില്‍ നിന്നും വിമുക്തി സാക്ഷാത്ക്കരിക്കുന്നതിന് സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തി’ എന്ന ബൃഹത്തായ പദ്ധതിയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ രൂപീകരിച്ചു. പദ്ധതിയുടെ സമഗ്രമായ ഏകോപനം സംസ്ഥാനാടിസ്ഥാനം മുതല്‍ വാര്‍ഡ് വരെ അഞ്ച് തലങ്ങളിലായാണ് നടപ്പാക്കിയിരിക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം 2016 ഡിസംബര്‍ 20 ന് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വിമുക്തി സ്റ്റിക്കറുകള്‍ വീടുകളില്‍ പതിക്കുന്നതിന്‍റെ സംസ്ഥാന തല ഉദ്ഘാടനം വനിതാ ദിനമായ മാര്‍ച്ച് 8 ന് എക്സൈസ് വകുപ്പ് മന്ത്രിയും തിരുവനന്തപുരം ശാസ്തമംഗലത്ത് നിര്‍വഹിച്ചു. സ്റ്റിക്കറുകള്‍ എല്ലാ ഭവനങ്ങളിലും പതിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. ലഹരി വിരുദ്ധ മിഷന്‍ വിമുക്തിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി 40 ലക്ഷം സ്റ്റിക്കറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെകൂടി എല്ലാ വീടുകളിലും പതിക്കുന്നതിന് മുഴുവന്‍ ജില്ലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തിച്ചു. വിമുക്തി സ്റ്റിക്കറുകള്‍ എല്ലാ വീടുകളിലും പതിക്കുന്നതിന് സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 1071 കുടുംബശ്രീ, സി.ഡി. എസ.് യൂണിറ്റുകള്‍ക്ക് 5000 രൂപ വീതം നല്‍കുന്നതിന് കുടുംബശ്രീ ഡയറക്ടര്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

വിമുക്തി പദ്ധതിക്ക് 100 കോടി

വിമുക്തി മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ 2016-17 വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സംഘടിപ്പിക്കുന്നതിനു വേണ്ടി ബ്ളോക്ക്/ ഗ്രാമപഞ്ചായത്തുകള്‍ക്ക് 25000 രൂപ വീതവും മുനിസിപ്പല്‍/ കോര്‍പ്പറേഷനുകള്‍ക്ക് 50000 രൂപ വീതവും എല്ലാ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍കള്‍ക്കും 5000 രൂപ വീതവും (ആകെ 2567 എണ്ണം) എല്ലാ ആട്സ് & സയന്‍സ് കോളേജുകള്‍ക്ക് 5000 രൂപ വീതവും (ആകെ 312) ഫണ്ട് അനുവദിച്ചു നല്‍കി.

എക്സൈസ് ടവറുകള്‍ക്ക് 50 കോടി

കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ എക്സൈസ് ടവറുകള്‍ സ്ഥാപിക്കുന്നതിനായി ബഡ്ജറ്റില്‍ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ 50 കോടി രൂപ വകയിരുത്തി. കോട്ടയം ജില്ലയില്‍ എക്സൈസ് ടവര്‍, തങ്കമണി എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം എന്നിവയുടെ നിര്‍മ്മാണം ആരംഭിച്ചു. എക്സൈസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനുള്ള ഡോര്‍മെട്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ലഹരിക്കെതിരേ കൈകോര്‍ത്ത്

അന്താരാഷ്ട്ര മയക്ക്മരുന്ന് ദിനമായ ജൂണ്‍ 26ന് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് നടന്നത്. ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ബഹു: സംസ്ഥാന മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. ടി യോഗത്തില്‍ സംസ്ഥാനത്തെ മികച്ച ലഹരി വിരുദ്ധ സന്നദ്ധ സംഘടന, സന്നദ്ധ പ്രവര്‍ത്തകന്‍, മികച്ച സ്കൂള്‍-കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, ക്ലബ്ബങ്ങള്‍ എന്നിവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി.
2017 ജനുവരി 30ന് സ്കൂള്‍ പാര്‍ലമെന്‍റില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പ്രതിജ്ഞ എടുത്തു.

സുശക്തം ബോധവത്ക്കരണം

ലഹരിക്കെതിരെയുളള സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനു വേണ്ടി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 40 വേദികളില്‍ ‘കൈയ്യുറ’ പാവ നാടകം അവതരിപ്പിച്ചു. മറ്റ് ജില്ലകളിലും പാവനാടകം അവതരിപ്പിക്കുന്നതിനുളള നടപടി സ്വീകരിച്ചു വരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ബോധവത്ക്കരണ പരിപാടി പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലെ പ്രധാനപ്പെട്ട 10 എഫ്.എം റേഡിയോ സ്റ്റേഷനുകള്‍ മുഖാന്തിരം പ്രക്ഷേപണം ചെയ്തു.കേരള സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ സര്‍വ്വീസ് നടത്തി വരുന്ന 27 കെ.എസ്.ആര്‍.റ്റി.സി ബസ്സുകളില്‍ വീനൈല്‍ സ്റ്റിക്കര്‍ പതിച്ച് ലഹരി വിരുദ്ധ ബോധവത്ക്കരണ പരസ്യം ചെയ്തു.
എക്സൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ സഹകരണത്തോടുകൂടി ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി മദ്യത്തിനും മയക്ക് മരുന്നിനും എതിരെയുള്ള ബോധവത്ക്കരണ പരിപാടി തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് സ്കൂള്‍, കോളേജ് തലത്തിലുള്ള ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രസിദ്ധീകരിച്ച മികച്ച ലഹരി വിരുദ്ധ ആശയങ്ങളടങ്ങിയ സൃഷ്ടികള്‍ക്കുള്ള അവാര്‍ഡും പാരിതോഷികവും വിതരണം ചെയ്യുകയും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും മദ്യത്തിനും മയക്ക് മരുന്നിനുമെതിരെയുള്ള ബോധവത്ക്കരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.