നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍
1. ശരണ്യ പദ്ധതി
വിധവകള്‍, അവിവാഹിതരായ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടിലുള്ള അശരണരും ആലംബഹീനരുമായ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി എംപ്ലോയ്മെന്റ് വകുപ്പ് നടപ്പിലാക്കി വരുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതിയില്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, 10 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ശയ്യാവലംബരും നിത്യരോഗികളുമായവരുടെ ഭാര്യമാരെയും ഭിന്നശേഷിക്കാരായ സ്ത്രീകളെയും കൂടി ഈ പദ്ധതിയിന്‍ കീഴില്‍ ധനസഹായം ലഭിക്കുന്നതിന് അര്‍ഹരാക്കിയിട്ടുണ്ട്.
2. മള്‍ട്ടി പര്‍പ്പസ് സര്പ്പീസ് സെന്റര്‍/ജോബ് ക്ലബ്ബ്
അഭ്യസ്തവിദ്യരും സംരംഭകത്വ അഭിരുചിയുള്ളവരുമായ യുവതി യുവാക്കള്‍ക്കായി എംപ്ലോയ്മെന്റ് വകുപ്പ് നടപ്പാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതിയായ മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്ബില്‍ സബ്സിഡി ഇനത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 45 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.
3. കെസ്റു
ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്മെന്റ് വകുപ്പ് ആവിഷ്ക്കരിച്ചു നടപ്പിലാക്കിവരുന്ന കെസ്റു പദ്ധതിയില്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, 44 ലക്ഷം രൂപ സബ്സിഡി ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.
4. കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍
കരിയര്‍ സംബന്ധമായ സേവനങ്ങളും നൈപുണ്യ വികസന പദ്ധതികളും നഗരകേന്ദ്രീകൃതമായി മാറിയിട്ടുള്ള സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും കരിയര്‍ സംബന്ധമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനും നൈപുണ്യ പരിശീലനം നല്കുന്നതിനുമായുള്ള ഒരു കേന്ദ്രം എന്ന നിലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററുകള്‍ തുടങ്ങുവാന്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ആദ്യപടിയായി കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഒരു കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍ ആരംഭിക്കുന്നതാണ്.
5. കൈവല്യ
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ സമഗ്ര തൊഴില്‍ പുനരധിവാസം ലക്ഷ്യമിട്ട് ഈ സര്‍ക്കാര്‍ ‘കൈവല്യ’ എന്ന പേരില്‍ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ ഒരു പുതിയ ശീര്‍ഷകം ആരംഭിച്ച് ടോക്കണ്‍ പ്രൊവിഷന്‍ വകയിരുത്തിയിട്ടുണ്ട്. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുക, ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവും മത്സര പരീക്ഷാ പരിശീലനവും നല്‍കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
6. ജോബ്ഫെയര്‍
തിരുവനന്തപരും യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫമേഷന്‍ & ഗൈഡന്‍സ് ബ്യുറോ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പാലക്കാട്, വിവിധ എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവ മുഖേന മിനി ജോബ് ഫെയറുകള്‍/ടെക്നോ ഡ്രൈവ് സംഘടിപ്പിച്ചു. പ്രസ്തുത ജോബ് ഫെയറുകള്‍/ടെക്നോ ഡ്രൈവ് മുഖേന ഏകദേശം ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചു.
7. പ്രത്യേക പുതുക്കല്‍
01.01.1995 മുതല്‍ 31.07.2016 വരെയുളള കാലയളവില്‍ വിവധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷന് റദ്ദായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷന് പുതുക്കുന്നതിന് അനുമതി നല്കി ഉത്തരവാകുന്നതിനായി സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.