കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പാലക്കാട് കഞ്ചിക്കോട് വ്യവസായമേഖലയില്‍ 768 തൊഴിലാളികള്‍ക്കുള്ള ആദ്യകേന്ദ്രം മൂന്നു മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും താമസകേന്ദ്രങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ച് അമ്പലമുകളില്‍ തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എറണാകുളം ജില്ലയില്‍ കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ സ്ഥലത്താണ് തൊഴിലാളി വാസകേന്ദ്രം സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂരിലും വാസകേന്ദ്രം തുടങ്ങുന്നത് പരിഗണനയിലുണ്ട്. വാടകയായി ചെറിയ തുക ഈ കേന്ദ്രങ്ങളില്‍ ഈടാക്കും. വസ്ത്രം അലക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും വിനോദത്തിനും ആരോഗ്യ സംരക്ഷണത്തിനും സൗകര്യങ്ങളോടെയാണ് ജില്ലകളില്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

നാട്ടുകാരായ തൊഴിലാളികള്‍ക്കു നല്‍കുന്ന പരിഗണനയും നിയമസംരക്ഷണവും ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. ഇതര സംസ്ഥാനക്കാരായ 35 ലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇടനിലക്കാരുടെയും തൊഴിലുടമകളുടെയും ചൂഷണത്തില്‍ നിന്നും ഇവരെ രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. അതേസമയം ലഹരി ഉപയോഗിക്കുന്നവരും ലഹരി വസ്തുക്കള്‍ താമസസ്ഥലങ്ങളില്‍ സൂക്ഷിക്കുന്നവരും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിച്ച് അവരെ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ചികിത്സാസഹായം നല്‍കുന്നതിന് പ്രത്യേക കാര്‍ഡും ഏര്‍പ്പെടുത്തും. പ്രീമിയം ഇല്ലാതെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ മറ്റ് ക്ഷേമപരിപാടികള്‍ കൂടി ഉള്‍ക്കൊള്ളിക്കും. മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമനിധി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അവര്‍ മുന്നോട്ടു വരുന്നില്ല. ചികിത്സയും മരണാനന്തര സഹായവും കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായവും അടക്കമുള്ള ആനുകൂല്യങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. തൊഴിലാളികള്‍ യൂണിയനുകളുടെ ഭാഗമായാല്‍ ആ സംഘടനകളുടെ ഇടപെടലിലൂടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാകും. തൊഴിലാളി യൂണിയനുകളില്‍ ചേരാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താല്‍പര്യം കാട്ടണമെന്ന് മന്ത്രി നിര്‍ദേശിച്ചു.